ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ


ദിവസത്തെ ഏഴ് യാമങ്ങളായി തിരിച്ച് ഓരോ യമങ്ങളിലും നമസ്കരിക്കണമെന്ന് പ.സഭ പഠിപ്പിക്കുന്നു.

സന്ധ്യാ (6.00 PM), സുത്താറാ (9.00 PM), പാതിരാത്രി (12.00 AM), പ്രഭാതം (6.00 AM), മൂന്നാം മണി (9.00 AM), മദ്ധാഹ്നം (ആറാം മണി) (12.00 Noon), ഒന്‍പതാം മണി (3.00 PM) എന്നിവയാണ് ഏഴ് യാമങ്ങള്‍.

ഇവ വേദാനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. “നിന്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴ് പ്രാവശ്യം നിന്നെ സ്തുതിക്കുന്നു”
(സങ്കീര്‍ത്തനം 119:164).

സന്ധ്യാ നമസ്ക്കാരം (6.00 PM)

സെഹിയോന്‍ മാളികയിൽ കര്‍ത്താവ് വി.കുര്‍ബ്ബാന സ്ഥാപിച്ചത് സന്ധ്യയ്ക്കാണ്. പകലിന്റെയും രാത്രിയുടെയും സംഗമ സമയമാണ് സന്ധ്യാ. അന്ധകാര ശക്തികള്‍ ഭുതലത്തിൽ സഞ്ചരിക്കുന്ന സമയമാകയാല്‍ അവയിൽ നിന്നും രക്ഷപ്പെടാനുള്ള പ്രാര്‍ത്ഥനകളാണ് സന്ധ്യയില്‍ ചൊല്ലുന്നത്. മിസ്രയിമില്‍ നിന്ന് യിസ്രായേല്‍ ജനത്തിന്‍ വിടുതൽ ലഭിച്ച സമയവും പെസഹാ സമയവുമാണ് സന്ധ്യാ (പുറ. 12:6). “എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലര്‍ത്തുന്നത് സന്ധ്യായാഗമായും തീരട്ടേ (സങ്കീ. 141:2).

സുത്താറാ നമസ്ക്കാരം (9.00 PM)

നമ്മുടെ കര്‍ത്താവിന്റെ ഗദ്സമന തോട്ടത്തിലെ പ്രാര്‍ത്ഥനാ സമയത്തെ അനുസ്മരിക്കന്നു (മര്‍ക്കൊ.14:32-40). ഉറക്കത്തില്‍ സാത്താനിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥനയാണിത്. ഉറക്കം, മരണം പോലെയായതിനാല്‍ മരണ -ചിന്താ സമയും കൂടിയാണിത്.

പാതിരാത്രി നമസ്ക്കാരം (12.00 AM)

നമ്മുടെ കര്‍ത്താവിന്റെ ജനനവും പുനരുത്ഥാനവും നടന്ന സമയം. കരുണയുടെ വാതില്‍ മുട്ടുവാന്‍ പറ്റിയ ശാന്ത സമയം. “അര്‍ദ്ധരാത്രിയ്ക്ക് പൗലോസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു” (അ.പ്ര. 16.:25).

പ്രഭാതം നമസ്ക്കാരം (6.00 AM)

ദൈവം നമ്മുക്കുവേണ്ടി പ്രകാശവും, പുതിയൊരു ദിവസവും നല്‍കിയതിനെ ഓര്‍ത്തു ദൈവത്തെ സ്തുതിക്കുന്നു. പുതിയ ദിവസത്തിലേയ്ക്കു പ്രവേശിക്കുന്നതിന്‍ മുന്‍പ് എല്ലാവിധമായ അനുഗ്രഹങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. “ഞാന്‍ ഉദയത്തിനു മുന്‍പേ എഴുന്നേറ്റു പ്രാര്‍ത്ഥിക്കന്നു (സങ്കീ. 119:147), “രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു” (സങ്കീ. 88:13), “യഹോവേ, രാവിലെ എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു”
(സങ്കീ. 5:3).

മൂന്നാം മണി നമസ്ക്കാരം (9.00 AM)

നമ്മുടെ കര്‍ത്താവിനെ പീലാത്തോസിന്റെ മുമ്പാകെ വിസ്തരിച്ച സമയം. പൊന്തിക്കോസ്തി നാളില്‍ ശ്ലീഹന്മാരിൽ പരിശുദ്ധാത്മാവ് ഇറങ്ങിയത് മൂന്നാം മണി നേരത്താണ് (അ.പ്ര. 2:15).

മദ്ധ്യാഹ്നം നമസ്ക്കാരം (ആറാം മണി നമസ്ക്കാരം) (12.00 Noon)

നമ്മുടെ കര്‍ത്താവിന്റെ ക്രൂശാരോഹണ സമയം (ലൂക്കൊ 23:24). “പത്രോസ് ആറാം മണി നേരത്ത് പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി” (അ.പ്ര. 10:9).

ഒന്‍പതാം മണി നമസ്ക്കാരം (3.00 PM)

നമ്മുടെ കര്‍ത്താവ് കുരിശിൽ മരിക്കുകയും, മരിച്ചവർ
ഉയിർത്തെഴുന്നേല്‍ക്കുകയും ചെയ്ത സമയം. നാം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയം കൂടിയാണിത്”.

Courtesy : Facebook Share